2004ല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിശ്വസിച്ച ബിജെപി കിട്ടിയത് എട്ടിന്റെ പണി: ‘ഇന്ത്യ തിളങ്ങുന്നു എന്നു’ പറഞ്ഞ് 9 മാസം മുന്‍പ് വാജ്‌പേയി സര്‍ക്കാര്‍ ലോക്‌സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കി; ഫലമോ ? കോണ്‍ഗ്രസ് അധികാരത്തില്‍

single-img
19 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇന്നു വൈകിട്ട് ആറരയോടെ പുറത്തുവന്നു തുടങ്ങും. കിറുകൃത്യം എന്ന് പറയാന്‍ പറ്റില്ലെങ്കിലും പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിധിയെഴുത്തിന്റെ സൂചനകള്‍ നല്‍കാറുണ്ട്. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടി ബിജെപി മുന്നേറുമ്പോള്‍ പ്രതീക്ഷയുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും തെറ്റായ ചരിത്രം ബിജെപിക്ക് മുന്നിലുണ്ട്.

2004ലായിരുന്നു അത്തരത്തില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പോലും കടപുഴകിയ വിധിയെഴുത്ത് നടന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു ഈ വിധിയെഴുത്ത്. അന്ന് കാലാവധി പൂര്‍ത്തിയാക്കാന്‍ 9 മാസം മുന്‍പ് വാജ്‌പേയി സര്‍ക്കാര്‍ പിരിച്ചുവിട്ട് ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കി.

അന്ന് എല്‍.കെ അദ്വാനിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരണയായത്. തികഞ്ഞെ ആത്മവിശ്വാസമായിരുന്നു ബിജെപിയുടെ കൈമുതല്‍. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിച്ച് വെള്ള വസ്ത്രം ധരിക്കുമെന്ന് സുഷമ സ്വരാജ് പന്തയം വയ്ക്കുകയും ചെയ്തു.

അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിച്ച് ഇന്ത്യാ ഷൈനിങ്ങ് എന്ന പരസ്യവാചകത്തില്‍ രാജ്യം ഇളക്കി മറിച്ച് പ്രചാരണം. എല്ലാ സര്‍വെകളും ബിജെപിക്ക് അനുകൂലം. വിധിയെഴുത്തിന് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് കോണ്‍ഗ്രസ് സഖ്യം കണ്ണുതള്ളി.

ഇന്ത്യ തിളങ്ങുന്നു എന്ന വാചകം വാജ്‌പേയിയും ബിജെപിയും തിളങ്ങുന്നു എന്ന് ബിജെപി പ്രവര്‍ത്തകര്‍ വോട്ടെണ്ണുന്നതിന്റെ അവസാനനിമിഷം വരെ പാടി നടന്നു. 2004 മെയ് 13 ന് ഫലം വന്നു. 138 സീറ്റില്‍ തീര്‍ന്നു ബിജെപിയുടെ തിളക്കം. 145 സീറ്റ് നേടി കോണ്‍ഗ്രസ് ഒന്നാമത്. സഖ്യകക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് ലോകം വിചാരിച്ച നിമിഷത്തിന് അന്ത്യം കുറിച്ച് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി.