എ.സി. പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകം; മൂത്തമകന്‍ കുറ്റംസമ്മതിച്ചു

single-img
19 May 2019

തമിഴ്‌നാട്ടിലെ ദിണ്ടിവനത്തിനടുത്ത് വീട്ടിലെ എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അച്ഛനും അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ മൂത്തമകന്‍ കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും കൃത്യതയാര്‍ന്ന അന്വേഷത്തിലൂടെയാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. കാവേരിപ്പാക്കം സ്വദേശി കെ. രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്.

സ്ഥലം പരിശോധിച്ച പൊലീസിന് വീടിന് പുറത്ത് നിന്നും മണ്ണെണ്ണ കൊണ്ട് വന്ന കുപ്പി ലഭിച്ചതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അപകടമുണ്ടായ മുറിയുടെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയ മൂത്തമകന്‍ ഗോവര്‍ധന്റെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യവും പൊലീസിനെ സംശയത്തിനിടയാക്കിയിരുന്നു.

വിശദമായ പരിശോധനയില്‍ എ.സി പൊട്ടിത്തെറിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് തെളിഞ്ഞു. എ.സി.യ്ക്ക് സാങ്കേതിക കാരണങ്ങളാല്‍ തീ പിടിച്ചിരുന്നെങ്കില്‍ മുറിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഭാഗവും പൊട്ടിത്തെറിക്കണമായിരുന്നു, പക്ഷേ ഇവിടെ അത് സംഭവിക്കാതിരുന്നതും പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിക്കുകയായിരുന്നു.

മരണപ്പെട്ട രാജിയുടെ മൂത്തമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സ്വത്ത് സ്വന്തമാക്കുവാനായി താന്‍ കൊല നടത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. സമ്പന്ന കുടുംബമായ രാജിയുടെ ഭൂസ്വത്തുക്കള്‍ മൂത്ത മകന് നോക്കിനടത്തുവാനുള്ള കാര്യപ്രാപ്തി ഇല്ലെന്ന കാരണത്താല്‍ ഇളയ മകനായ ഗൗതത്തെ ഏല്‍പ്പിച്ചതാണ് ഗോവര്‍ധനെ ചൊടിപ്പിച്ചത്.

സ്വത്ത് മുഴുവന്‍ അനുജന്‍ സ്വന്തമാക്കുമെന്ന ഭയത്താലാണ് മൂവരെയും കൊല ചെയ്യാന്‍ തീരുമാനിച്ചതെന്നും താന്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അപ്പാടെ വിശ്വസിക്കാന്‍ പൊലീസിനായിട്ടില്ല. വാടക കൊലയാളികളെ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും ആ ദിശയില്‍ അന്വേഷണം നടത്തുവാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വീട്ടില്‍ വഴക്കുണ്ടായെന്നും, സ്വത്ത് തര്‍ക്കമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.