പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുത്; ക്യൂവില്‍ മുഖപടം മാറ്റണം: എം.വി. ജയരാജന്‍

single-img
18 May 2019

കള്ളവോട്ട് തടയാന്‍ മുഖപടം ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന്‍ പറഞ്ഞു.

ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുമ്പേള്‍ തന്നെ മുഖപടം മാറ്റണം.

മുഖപടം തിരിച്ചറിയാന്‍, നിങ്ങളുടെ സി.സി.ടി.വി ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, വെബ് ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, ക്യാമറയില്‍ വ്യക്തമായി പകര്‍ത്താന്‍ ക്യൂവില്‍ നില്‍ക്കുന്ന ഘട്ടം മുതല്‍ മുഖപടം തിരിച്ചറിയാന്‍ പറ്റുന്ന വിധത്തില്‍ മാറ്റണം.

തെരഞ്ഞെടുപ്പു കമ്മീഷന്‍ അങ്ങനെ തെരഞ്ഞെടുപ്പു നടത്തുമോ? അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും.  തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യു.ഡി.എഫിന്റെ വോട്ടു കുറയും’- ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു