‘വീട്ടില്‍ മന്ത്രവാദം; വിഷം നല്‍കി കൊല്ലാന്‍ നോക്കി; തന്നെയും മകളെയും കുറിച്ച് അപവാദം പ്രചരിപ്പിച്ചു’; കുറിപ്പ് കണ്ട് ഞെട്ടി പൊലീസും

single-img
15 May 2019

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തില്‍ കുടുംബപ്രശ്നങ്ങളും. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ആത്മഹത്യ ചെയ്ത ലേഖയുടെ കുറിപ്പ് കണ്ടെടുത്തു. ഭര്‍ത്താവിനെയും അമ്മയെയും അഭിഭാഷക കമ്മിഷനെയും കുറ്റപ്പെടുത്തിയുളള കുറിപ്പ് ആത്മഹത്യ ചെയ്ത മുറിയില്‍ ഒട്ടിച്ച നിലയിലായിരുന്നു.

വസ്തു വില്‍ക്കുന്നതിനു ഭര്‍ത്താവിന്റെ അമ്മ തടസം നിന്നതായും തന്നെയും മകളെയും കുറിച്ചും അപവാദം പ്രചരിപ്പിച്ചതായി കുറിപ്പില്‍ പറയുന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചന്ദ്രനില്‍ നിന്നു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

സാമ്പത്തികബാധ്യത തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടസ്സം നിന്നത് ബന്ധുക്കളാണെന്ന് കുറിപ്പില്‍ പറയുന്നു. ജപ്തിനടപടികള്‍ കാണിച്ച് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ ചന്ദ്രന്‍ തയ്യാറായില്ല. ജപ്തി ഒഴിവാക്കാന്‍ ഒന്നും ചെയ്തില്ല.

വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. തന്നെയും മകളെയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. വിഷം നല്‍കി കൊലപ്പെടുത്താന്‍ നോക്കിയെന്നും തന്നെയും മകളെയും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയെന്നും കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും ബന്ധുക്കളും തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട ‘വൈഷ്ണവി’യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇവരുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു.

ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിനു കാരണംബാങ്കിന്റെ സമ്മര്‍ദ്ദമാണെന്നും ബാങ്ക്അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.