‘ന്യൂസ് നാഷന്‍ ക്യാമറ ചതിച്ചു’; മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നതിന് തെളിവുകള്‍ പുറത്ത്: വീഡിയോ

single-img
13 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതാണെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് തെളിയിക്കുന്ന വ്യക്തമായ തെളിവുകളാണ് ‘ന്യൂസ് നേഷന്‍’ ചാനല്‍ മോദിയുടെ ഏറ്റവും പുതിയ അഭിമുഖം സംപ്രേക്ഷണം ചെയ്തതിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹയാണ് അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നുകാട്ടുന്നത്.

അവതാരകനായ ദീപക് ചൗരസ്യ മോദിയോട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് മോദിയോട് ചോദിക്കുന്നുണ്ട്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകള്‍ മറിച്ചിടുന്നത് കാണാം.

ഇതിനിടെ ഈ പേപ്പര്‍ ന്യൂസ് നാഷന്‍സ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതില്‍ മോദിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം. തുടര്‍ന്ന് മോദി ഈ പേപ്പര്‍ നോക്കി കവിത ചൊല്ലുന്നു. ഈ വേളയിലും അവതാരകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പേപ്പറില്‍ വ്യക്തമായി കാണാം.

ഈ പിഴവ് പക്ഷെ എഡിറ്റിങ്ങില്‍ ഒഴിവാക്കി കളയാന്‍ ‘ന്യൂസ് നേഷന്‍’ ചാനല്‍ അധികൃതര്‍ മറന്നു പോയിരുന്നു. ഏതായാലും മോദിയുടെ പുതിയ അഭിമുഖ നാടകത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് സാമൂഹിക മാധ്യമങ്ങള്‍. ന്യൂസ് നേഷന്‍ പുറത്ത് വിട്ട മോദിയുടെ പുതിയ അഭിമുഖത്തിനെതിരെ നിരവധി പരിഹാസങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്.

ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറി വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ പുറത്തിറങ്ങും മുമ്പ് ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെയും ട്വിറ്ററില്‍ പ്രമുഖര്‍ പൊളിച്ചടുക്കിയിരുന്നു.

https://twitter.com/divyaspandana/status/1127640428327591936