തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; 8 കോടിയുടെ സ്വര്‍ണം പിടിച്ചു; ഒമാനില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

single-img
13 May 2019

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

തിരുവനന്തപുരം തിരുമല സ്വദേശി സുനിലും സഹായിയായ മറ്റൊരാളുമാണു സംഭവത്തില്‍ പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമായതിനാല്‍ പിടിയിലായ രണ്ടാമത്തെ ആളിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒമാനില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സുനില്‍ എത്തിയത്.

സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. 25 കിലോ സ്വര്‍ണം ബിസ്‌കറ്റ് രൂപത്തിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പ് വിമാനത്താവളത്തില്‍നിന്ന് 8 കിലോയ്ക്കടുത്തു സ്വര്‍ണം പിടികൂടിയിരുന്നു.