വിഷം കലക്കി നൽകിയത് ഭാര്യ: മരിക്കുന്നതിന് തൊട്ടുമുൻപെടുത്ത യുവാവിന്റെ വീഡിയോ വൈറൽ

single-img
12 May 2019

ആഗ്ര: തനിക്ക്‌ വിഷം കലക്കി നൽകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഭാര്യയാണെന്ന്‌ യുവാവിന്റെ മരണമൊഴി. മരിക്കുന്നതിന്റെ തൊട്ടുമുൻപ് മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലൂടെയാണ് യുവാവ് ഇത് വെളിപ്പെടുത്തിയത്.

24–കാരനായ അവദേഷാണ് ഭാര്യ നൽകിയ വിഷം അടങ്ങിയ പാൽ കുടിച്ച് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തത്. ആഗ്രയിലെ നഗ്ല സുഖ്ദേവ് എന്ന ഗ്രാമത്തിലാണ് സംഭവം. അവദേഷിന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കരിച്ചു. 

രണ്ട് മിനിറ്റ് നീണ്ടു നിൽക്കുന്ന വിഡിയോയിൽ അവദേഷ് ഇങ്ങനെ പറയുന്നു. ‘എന്റെ ഭാര്യ എനിക്ക് കുടിക്കാൻ നൽകിയ പാലിൽ വിഷം കലക്കിയിരുന്നു..’. കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വീട്ടിലെത്തിയിരുന്നു. ഇവരും അവിദേശുമായി വഴക്കുണ്ടായി. അവിദേശിനെ ഭാര്യയുടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തിന് കാരണമായി അവദേഷിന്റെ അച്ഛൻ പറയുന്നത് ഇങ്ങനെയാണ്: വിവാഹ സമയത്ത് മരുമകള്‍ ഗർഭിണിയായിരുന്നു. അത് അവളുടെ മാതാപിതാക്കൾ ഞങ്ങളിൽ നിന്നും മറച്ചുവച്ചു. വിവാഹം കഴിഞ്ഞ് 6 മാസമായപ്പോൾ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ കുട്ടി അപ്പോൾ തന്നെ മരിച്ചു. അന്നുമുതൽ മകനും മരുമകളും തമ്മിൽ അകൽച്ചയിലാണ്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.