ലേഖകൻ കോൺഗ്രസിന്റെ പി ആർ മാനേജർ; മോദിയെ ഭിന്നിപ്പിന്റെ തലവനായി ആർട്ടിക്കിൾ പ്രസിദ്ധീകരിച്ച ടൈം മാ​ഗസിനെതിരെ ബിജെപി

single-img
11 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ തലവനായി വിശേഷിപ്പിച്ച ടൈം മാഗസിനെ കടന്നാക്രമിച്ച് ബിജെപി. അമേരിക്കയിൽ നിന്നും ഇറങ്ങുന്ന അന്താരാഷ്‌ട്ര പതിപ്പിൽ ടൈം മാഗസിന്റെ കവർ റിപ്പോർട്ട് തയ്യാറാക്കിയ ആതിഷ് തസീറിനെതിരെയും ബിജെപി ആഓപണങ്ങളുമായി എത്തി.

‘ലേഖനം തയ്യാറാക്കിയ ആതിഷ് തസീർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പി.ആർ മാനേജറാണ്. അതിനാൽ തന്നെ ടൈം മാഗസിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാത്രമല്ല, അവർ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു’-ബി.ജെ.പി അനുകൂലിയായ ശശാങ്ക് സിങ് ട്വിറ്ററിൽ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പിൽ കൂടി മോദി ജയിച്ചാൽ സ്വന്തം പരാജയങ്ങളുടെ പേരിൽ ലോകത്തെ അദ്ദേഹം എങ്ങനെ ശിക്ഷിക്കുമെന്നാലോചിച്ച് ഭയപ്പെടേണ്ടതുണ്ടെന്നും നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ആതിഷ് തസീർ എഴുതിയ മുഖലേഖനത്തിൽ പറയുന്നുണ്ട്.

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും സർവകലാശാലകൾക്കും മാധ്യമങ്ങൾക്കുമെതിരെ അവിശ്വാസം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ അവിശ്വാസം വളർത്തിയാണ് 2014ൽ മോദി ജയിച്ചത്. – ലേഖനം കുറ്റപ്പെടുത്തുന്നു.

മാഗസിനിലൂടെ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം ലേഖകനായ ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തി അതിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ട്വിറ്റർ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി പ്രവർത്തകർ വ്യാജ പ്രചാരണം നടത്തുന്നത്. ആതിഷ് കോൺഗ്രസിന്റെ പി ആർ മാനേജർ ആണെന്ന് എഡിറ്റ് ചെയ്തു ചേർത്ത്, അദ്ദേഹത്തിന്റെ റിപ്പോർട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി പ്രവർത്തകരുടെ ശ്രമം.

സോഷ്യൽ മീഡിയയിൽ ശശാങ്ക് സിങ്ങിന്റെ ട്വീറ്റ് 500ലധികം തവണയാണ് റീഷെയർ ചെയ്തിട്ടുള്ളത്. ഇയാളിനെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചൗകിദാർ സ്മൃതി ഇറാനി എന്ന ട്വിറ്റർ അക്കൗണ്ടും ഫോളോ ചെയ്യുന്നുണ്ട്. ആതിഷിന്റെ വിക്കിപീഡിയയിലെ പേജ് പേജ് മോദിയെക്കുറിച്ചുള്ള ഫീച്ചറിന്റെ കവർ പേജ് ടൈം പ്രസിദ്ധീകരിച്ച ദിവസം നിരവധി തവണയാണ് എഡിറ്റ് ചെയ്യപ്പെട്ടതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.