പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്, അതുവഴി ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് പഠിച്ചു: രാഹുല്‍ ഗാന്ധി

single-img
11 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അതിലൂടെ ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്നാണ് പഠിച്ചതെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ദേശീയ വാർത്താ ചാനലിൽ നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍മോദിക്കെതിരെ വിമര്‍ശനം നടത്തിയത്.

‘നരേന്ദ്രമോദിജിയാണ് ഒരു രാജ്യം എങ്ങിനെ ഭരിക്കരുത് എന്ന് പഠിപ്പിച്ചുതന്നത്. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കാതെ നിങ്ങള്‍ രാജ്യം ഭരിച്ചാല്‍ ആ രാജ്യം ഒരിക്കലും നന്നായി മുന്നോട്ടുപോവില്ല. ഞാന്‍ മോദിജിയില്‍ നിന്നും മാത്രമല്ല, ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും പഠിച്ചു.’- രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചതിനും രാഹുല്‍ മറുപടി നല്‍കി. ‘മോദി വിചാരിക്കുന്നത് പ്രസംഗങ്ങളും പ്രസ്താവനകളും മാത്രമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ്. പക്ഷെ അദ്ദേഹത്തിന്റെ ശരിയായ ജോലി തന്ത്രപരമായി ചിന്തിക്കുകയെന്നതാണ്. ഇവിടെ മോദിക്ക് അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു തന്ത്രവുമില്ല. എന്നാൽ മന്‍മോഹന്‍ സിങ്ങാണ് ശ്രദ്ധയോടെ തന്ത്രപരമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയത്. മന്‍മോഹന്‍ സിങ് തൊണ്ണൂറുകളില്‍ നടപ്പാക്കിയതും ഈ തന്ത്രത്തിന്റെയും നല്ല ചിന്തയുടെയും ഭാഗമാണ്.’- രാഹുല്‍ അഭിപ്രായപ്പെട്ടു.