ആരോപണം തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാമെന്ന് ഗംഭീര്‍

single-img
11 May 2019

ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മര്‍ലേനക്കെതിരെ ലഘുലേഖ ഇറക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍. ആ ലഘുലേഖയ്ക്ക് പിന്നില്‍ താനാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാന്‍ തയ്യാറാണെന്ന് ഗംഭീര്‍ പ്രതികരിച്ചു.

അല്ലാത്തപക്ഷം കെജ്‌രിവാള്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോയെന്നും ഗംഭീര്‍ ട്വീറ്റിലൂടെ ചോദിച്ചു. നേരത്തെ ലഘുലേഖയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെ അതിഷി പലതവണ പൊട്ടിക്കരഞ്ഞിരുന്നു. ആരോപണത്തിന്റെ സാഹചര്യത്തില്‍ കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അതിഷി എന്നിവര്‍ക്ക് ഗംഭീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ബീഫ് തിന്നുന്ന അഭിസാരികയെന്നാണ് അതിഷിയെ ലഘുലേഖയില്‍ വിശേഷിപ്പിച്ചത്. ജാട്ട് പഞ്ചാബി മാതാപിതാക്കളുടെ മകളായ അതിഷി സങ്കരയിനമാണെന്നും അവര്‍ വിവാഹം ചെയ്തത് ആന്ധ്ര സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയില്‍ പറയുന്നു. എ.എ.പി നേതാവ് മനീഷ് സിസോദിയയെയും അതിഷിയെയും ചേര്‍ത്തും മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു.