മലയാളത്തിലെ യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
11 May 2019

യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായ അരുണിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ചിത്രീകരണം പൂര്‍ത്തിയാക്കി ജൂലൈയില്‍ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു.

നാല് വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിരുന്നതിന് ശേഷമാണ് അരുണ്‍ സ്വന്തമായി ഒരു സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അരുണിന്റെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ.

ആകാശ് ജോണ്‍ കെന്നഡിയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. സ്വപ്നങ്ങളെ പന്‍തുടരുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നേരത്തെ ഷെയിന്റെ മുഖം കാണിക്കാതെയുള്ള സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.