ഉയരെ സിനിമയുടെ വ്യാജൻ ഫെയ്സ്ബുക്കിൽ : 700-ലധികം പേർ ഷെയർ ചെയ്തു

single-img
10 May 2019

തിരുവനന്തപുരം: പാർവതി തിരുവോത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്‍റർനെറ്റിൽ. “സോഷ്യൽ മീഡിയ” എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്‍റർനെറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. എഴുനൂറോളം പേർ സിനിമ സ്വന്തം ഫെയ്സ്ബുക്ക് ടൈം ലൈനിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട്.

നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. വലിയ തോതിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഈ സിനിമയുടെ പ്രദർശനം കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളിൽ തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രം ഇന്‍റർനെറ്റിലെത്തുന്നത്.

ടൊറന്‍റ് സൈറ്റുകളിലൂടെയാണ് വ്യാജ പതിപ്പുകൾ ഇറക്കുന്ന പതിവുരീതിയ്ക്ക് പകരം ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തവണ വ്യാജൻ എത്തിയത് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്‍റിന്‍റെ പകർപ്പാണ് പുറത്തുവന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളിൽ എവിടെയോ നിന്ന് ക്യാമറ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് പകർത്തിയതിന് ശേഷമാണ് സിനിമ ഫേസ്ബുക്കിൽ ഇട്ടതെന്നാണ് കരുതുന്നത്.

പാർവതിയെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാർവതിയുടെ അച്ഛനായാണ് സിദ്ദീഖ് വേഷമിട്ടിരിക്കുന്നത്. പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ.