കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ മോഷ്ടിച്ചു; പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

single-img
10 May 2019

പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കൊല്ലം സ്വദേശിയായ സഹായി തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊലീസിനെ സമീപിച്ചത്.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.

നേരത്തെ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ഇതുസംബന്ധിച്ച വിവാദം ഉണ്ടായിരുന്നു. എന്നാല്‍, വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ഉണ്ണിത്താന്‍ പരാതി നല്‍കിയിരിക്കുന്നത്. പണം തിരിച്ചു ചോദിച്ചപ്പോഴെല്ലാം പലതരത്തിലുള്ള ഭീഷണി ഫോണ്‍ കോളുകള്‍ വന്നിരുന്നു.

ഈ രണ്ട് നമ്പറുകള്‍ ഉള്‍പ്പെടെ പരാതിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, പരാതി നല്‍കിയെന്ന കാര്യം സ്ഥിരീകരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായില്ല. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസിന് പരാതി കൈമാറിയതായി എസ്.പി അറിയിച്ചു.