അസമില്‍ വര്‍ഗീയ ലഹള; ആക്രമികളെ അകറ്റാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു; നിരോധനാജ്ഞ

single-img
10 May 2019

അസമില്‍ ഹൈലകണ്ഡി നഗരത്തില്‍ വര്‍ഗീയ ലഹള. ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് അറിയിച്ചു. അക്രമികള്‍ പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇവരെ തുരത്താനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

അക്രമങ്ങളില്‍ മൂന്ന് പോലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ നിരവധി സ്ഥാപനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വിഭാഗത്തിന്‍റെ ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതില്‍ ആരാധനാലയ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്ന് ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ മറ്റൊരുവിഭാഗം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുടലെടുക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്.

സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇവിടെ 2012ല്‍ ബോഡോ വിഭാഗവും ബംഗാളി മുസ്ലിങ്ങളും തമ്മിലുള്ള ലഹളയില്‍ 77ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.