റഫാലില്‍ കേന്ദ്രം അനുകൂലവിധി നേടിയത് തെറ്റിദ്ധരിപ്പിച്ച്; ഗുരുതര പിഴവെന്ന് ഹര്‍ജിക്കാര്‍: വാദം പൂര്‍ത്തിയായി

single-img
10 May 2019

റഫാല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്. രണ്ടാഴ്ചക്കകം വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ കേസില്‍ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായി.

ബി.ജെ.പി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുന:പരിശോധനാഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിച്ചത്.

രണ്ട് മണിക്കൂര്‍ വാദിക്കാന്‍ വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചു. ഒരു മണിക്കൂറാണ് പ്രശാന്ത് ഭൂഷണ് വാദിക്കാനായി അനുവദിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ്‍ കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി.

റഫാല്‍ കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂലവിധി നേടിയെടുത്തത്. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കുന്നതിനെ ഫ്രാന്‍സില്‍ ചര്‍ച്ചയ്ക്കുപോയ സംഘത്തിലെ പകുതിപ്പേര്‍ എതിര്‍ത്തതും കേന്ദ്രം കോടതിയെ അറിയിച്ചിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിധി പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിഎജി വില സംബസിച്ച് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷണ്‍ ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സിഎജി അംഗീകരിക്കുന്നതെന്ന് വാദിച്ചു. അടിസ്ഥാന വില അഞ്ചു ബില്യന്‍ യൂറോ ആയിരുന്നുവെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ അന്തിമ വില 55.6% വരെ ഉയര്‍ന്നുവെന്നും ഇത് വീണ്ടും ഉയരുമെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ വില വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വ്യവസ്ഥ ഉണ്ടെന്നാണ് ഇതിന് എജി മറുപടി നല്‍കിയത്. വില വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിരുന്നില്ലെന്നും നടപടിക്രമങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും പറഞ്ഞ എജി അത് ഹാജരാക്കിയതായി വ്യക്തമാക്കി. അതില്‍ ചെറിയ പിഴവ് ഉണ്ടെങ്കില്‍ പോലും വിധി പുനപരിശോധിക്കാന്‍ തക്കതായ കാരണം അല്ലെന്നും അറ്റോണി ജനറല്‍ വാദിച്ചു.

വില വിവരങ്ങള്‍ ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള 2008ലെ കരാറിന്റെ ഭാഗമാണെന്നും അതുകൊണ്ട് വില വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും എ ജി വാദിച്ചു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാലേ അന്വേഷണം നടത്തേണ്ടതുള്ളൂവെന്നും എ ജി വാദിച്ചു.

സോവറീന്‍ ഗ്യാരന്റി ഇല്ലാതെ നേരത്തെയും കരാറുകള്‍ ഒപ്പിട്ടുണ്ടെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍, റഷ്യയും അമേരിക്കയും ആയി ഉള്ള കരാറുകളില്‍ സോവറീന്‍ ഗ്യാരന്റി ഇല്ലായിരുന്നുവെന്നും ലൈറ്റര്‍ ഓഫ് കംഫര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി. റഫാലിലും ലറ്റര്‍ ഓഫ് കംഫര്‍ട്ട് സ്വീകരിച്ചതിനെ കുറ്റപ്പെടുത്താനാകില്ലെന്നാണ് എജിയുടെ വാദം.