തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിച്ച ശേഷം മാത്രം എഴുന്നള്ളിപ്പിന് അനുമതി നല്‍കും; ജനങ്ങളെ അകറ്റി നിര്‍ത്തും: ടി വി അനുപമ

single-img
10 May 2019

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിച്ച ശേഷം മാത്രം അനുമതി നല്‍കാമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ. അനുമതി നൽകിയാലും നിയന്ത്രണങ്ങളോടെയാകും എന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതിനായി ആരോഗ്യക്ഷമത വിദഗ്ധ സംഘം നാളെ പരിശോധിക്കും.

ആരോഗ്യവാനെന്ന് ബോധ്യപ്പെട്ടാല്‍ പൂരവിളംബളത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കും. ആന നില്‍ക്കുന്ന ഇടത്തുനിന്നും ജനങ്ങളെ മാറ്റിനിര്‍ത്തും. ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതോടൊപ്പം കര്‍ശന ഉപാധിയോടെ വേണം ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആനയ്ക്ക് പ്രകോപനമുണ്ടാക്കിക്കില്ല എന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണം, അപകടം സംഭവിക്കാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ എജി സർക്കാരിന് നല്‍കിയിട്ടുണ്ട്‌.