കൊല്ലം മണ്ഡലത്തിലെ ഒന്നര ലക്ഷത്തോളം വോട്ടുകൾ പട്ടികയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു: തെളിവുകളുമായി എൻ കെ പ്രേമചന്ദ്രൻ എംപി

single-img
10 May 2019

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്നും വൻ തോതിൽ വോട്ടർമാരെ ഏകപക്ഷീയമായി വെട്ടിനീക്കി എന്നതിന് തെളിവുമായി എൻ കെ പ്രേമചന്ദ്രൻ എംപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1295042 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എണ്ണം 1259400 ആയി കുറഞ്ഞതായി എംപി പറഞ്ഞു.

2016ന് ശേഷം പുതിയ വോട്ടർമാരെക്കൂടി ചേർക്കുമ്പോൾ എണ്ണം കൂടേണ്ടതിനു പകരം വൻ തോതിൽ എണ്ണം കുറഞ്ഞു. 2014 –16 കാലയളവിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ 80058 വോട്ടുകളുടെ വർധനയുണ്ട്. അങ്ങിനെ നോക്കിയാൽ 2016 – 19 കാലയളവിൽ കുറഞ്ഞത് 120000 വോട്ടുകളുടെ സ്വാഭാവിക വർധന ഉണ്ടാകണം. എന്നാൽ 35642 വോട്ടുകൾ കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് ഒന്നര ലക്ഷത്തോളം വോട്ടുകൾ മണ്ഡലത്തിൽ നിന്നു തുടച്ചു നീക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

കണക്കുകൾ കാണിക്കുന്ന പട്ടികയും അദ്ദേഹം പുറത്തു വിട്ടു. കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണു വോട്ടർ പട്ടികയിൽ ക്രമക്കേടു നടത്തിയതെന്നും ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.