പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളം; യുദ്ധക്കപ്പലില്‍ രാജീവ് ഗാന്ധി ഉല്ലാസയാത്ര നടത്തിയിട്ടില്ല: മുന്‍ അഡ്മിറല്‍

single-img
10 May 2019

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഐ.എന്‍.എസ് വിരാട് യുദ്ധക്കപ്പലില്‍ ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം നിഷേധിച്ച് റിട്ട. അഡ്മിറല്‍ എം. രാംദാസ്. യുദ്ധക്കപ്പലില്‍ ലക്ഷ്വദ്വീപിലേക്ക് രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്ന് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയിരുന്ന അഡ്മിറല്‍ രാംദാസ് പ്രസ്താവനയില്‍ വ്യക്തമാക്കിയെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

“ഐ.എന്‍.എസ് വിരാടില്‍ ഒരു തരത്തിലുള്ള പാര്‍ട്ടിയും നടന്നിട്ടില്ല. വിമാനവാഹി കപ്പലിനെ അന്ന് അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളില്‍ ഏതെങ്കിലും ഒന്നിലോ അത്തരത്തിലൊന്നും നടന്നിട്ടില്ല”. ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനാണ് അദ്ദേഹം പോയതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡമാനിലും ലക്ഷ്വദ്വീപിലുമായി ഒന്നിടവിട്ടാണ് വികസന സമിതി യോഗം ചേര്‍ന്നിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഏതെങ്കിലും വിദേശിയോ രാജീവ്ഗാന്ധിയുടെ മകനും ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയോ യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് അഡ്മിറല്‍ രാംദാസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തി രക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചുവെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉന്നയിച്ചത്. അന്നത്തെ ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുമെന്നാണ് സൂചന.