തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ചന്‍ അറസ്റ്റില്‍; മകള്‍ അമ്മയോട് വിവരം പറഞ്ഞത് രണ്ടാനച്ചന്‍ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായതോടെ

single-img
9 May 2019

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ചന്‍ അറസ്റ്റില്‍. പാപ്പനംകോട് സ്വദേശിയായ പ്രതിയെ കാട്ടാക്കട പോലീസാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നു പുറത്ത് വന്ന പ്രതിയെ ജയില്‍ പരിസരത്ത് വച്ചാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ലൈംഗിക അതിക്രമം തുടങ്ങിയ പ്രതി പിന്നീട് വര്‍ഷങ്ങളായി പിതാവിന് നിരക്കാത്ത രീതിയില്‍ പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലവട്ടം പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തതോടെ കുട്ടി മാതാവ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സംഭവം മറച്ചു വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ മറ്റൊരു അവിവാഹിതയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തില്‍ പീഡനത്തിനിരയായ കുട്ടിയുടെ അമ്മ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു.

തുടര്‍ന്ന് അമ്മയോട് വിവരങ്ങള്‍ പറയുകയായിരുന്നുവെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. രണ്ടാനച്ഛന്റെ പീഡനവിവരം മാതാവ് ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു.