രാഹുൽ ഗാന്ധി അനുഭവിക്കുന്നത് സവർക്കറെ പരിഹസിച്ചതിന്റെ ഫലം: ശിവസേന

single-img
9 May 2019

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോഡി ഉന്നയിച്ച ആക്ഷേപങ്ങളെ പിന്തുണച്ച് ശിവസേന. രാഹുല്‍ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി സവര്‍ക്കറെ അപമാനിച്ചതിന് നല്‍കേണ്ടി വന്ന വിലയാണ് രാജീവ് ഗാന്ധിക്കെതിരായ വിമര്‍ശനമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൊതുറാലിയിൽ കള്ളൻ എന്നാണ്​ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത്​. അങ്ങനെ പെരുമാറു​മ്പോൾ പ്രധാനമന്ത്രി അദ്ദേഹത്തെ ചായ സൽക്കാരത്തിനായി വിളിക്കുമെന്ന്​ ആരെങ്കിലും കരു​തുന്നുണ്ടോ​?

രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരിഹസിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവില്‍ നിന്ന് സ്വയം മോചിതനായതിനെ അപമാനിക്കുകയും ചെയ്യുന്നു. ഇത് എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും എതിരായ അപമാനമാണെന്നും ശിവസേന കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ അധിക്ഷേപങ്ങൾക്ക്​ മറുപടി പറയാൻ സവർക്കർ ജീവനോ​ടെയില്ല. രാഹുലിന്റെ കർമ്മങ്ങൾക്ക്​ മോദി മറുപടി പറയുന്നുവെന്നേയുള്ളൂ. രാജീവ്​ ഗാന്ധി  അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ രാജ്യത്തിനായി മഹത്തരമായ ഒന്നും ചെയ്​തിട്ടില്ല. അ​ദ്ദേഹത്തി​​ന്റെ മരണം അത്യന്തം ദുഃഖകരമായിരുന്നു. എന്നാൽ അതിനെ ത്യാഗമെന്ന രീതിയിൽ വിശേഷിപ്പിക്കാനില്ല. 14 വയസുമുതൽ അന്ത്യശ്വാസം വരെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീര സവർക്കറിന്റെ ത്യാഗങ്ങൾ എക്കാലത്തും പ്രചോദനകരമാണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു

രാജീവ് ഗാന്ധി ഒന്നാമത്തെ അഴിമതിക്കാരനായാണ് മരിച്ചത് എന്നായിരുന്നു പ്രധാനമന്ത്രി മോഡിയുടെ വിമര്‍ശനം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരുന്നു.