തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിനെന്ന് പി.എസ് ശ്രീധരന്‍പിളള

single-img
9 May 2019

തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ദേശീയപാത ഭൂമിയേറ്റെടുക്കലിന്റെ മുന്‍ഗണന പട്ടിക തയാറാക്കിയത് ഉദ്യോഗസ്ഥരാണ്. അവരുടെ പിഴവാകാം പ്രശ്‌നത്തിന് കാരണം. പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തി.

തന്നെ ക്രൂശിച്ച മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസകും മാപ്പുപറയണം. തനിക്കെതിരെ തെറ്റായ കാര്യങ്ങളുമായി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് തോമസ് ഐസക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എസ് ശ്രീധരന്‍ പിളള ഡല്‍ഹിയില്‍ അറിയിച്ചു.

കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍പിള്ളയാണെന്ന് തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേശീയ പാതക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തും മന്ത്രി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഐസക്കിന്റെ ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ഒരു അവസരത്തിലും എതിര് നിന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.