മോദിയുടെയും അമിത് ഷായുടെയും വാചകമടി വെറുതെയാകും; ഭൂരിപക്ഷം കിട്ടില്ല; തിരിച്ചടി ഭയന്ന് ബിജെപി നേതാക്കള്‍; ‘കര്‍ണാടക മോഡലു’മായി പ്രതിപക്ഷം

single-img
9 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആവര്‍ത്തിക്കുമ്പോഴും മറ്റു ബിജെപി നേതാക്കള്‍ക്കിടയില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കില്ലെന്ന ആശങ്ക പരക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി തരംഗത്തില്‍ 2014 ല്‍ പാര്‍ട്ടി ഒറ്റയ്ക്കു നേടിയത് 282 സീറ്റാണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ എല്ലാം കൂടി 336 സീറ്റുകളും.

നാലു ഘട്ടങ്ങളിലെ പോളിങ് ഏപ്രില്‍ 29നു പൂര്‍ത്തിയായതിനു പിന്നാലെ എന്‍ഡിഎയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുപിഎയ്ക്കു ലഭിക്കുമെന്ന തരത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയെന്നു ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

371 സീറ്റുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുറഞ്ഞത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന തരത്തിലാണ് ഐബി റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു ഈ വാര്‍ത്തകളില്‍. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന യുപിഎ സഖ്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), എസ്പി, ബിഎസ്പി, ആര്‍എല്‍ഡി പാര്‍ട്ടികളില്ല. ഇവര്‍ നേടുന്ന സീറ്റുകളും ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണു തുടക്കം മുതല്‍ തന്നെ ബിജെപിയുടെ പ്രചാരണമെന്നും ഇതിനിടെ വിലയിരുത്തലുകളുണ്ടായി. അഞ്ചു വര്‍ഷം ഭരിച്ച ശേഷം വികസന വിഷയങ്ങളില്‍നിന്നു മാറി ദേശസുരക്ഷ, അഴിമതി തുടങ്ങിയവയില്‍ അഭയം തേടാന്‍ ബിജെപി പ്രചാരണസംഘത്തെ നിര്‍ബന്ധിതമാക്കിയതും ഈ ആത്മവിശ്വാസക്കുറവിന്റെ സൂചനയായാണു കണക്കാക്കപ്പെട്ടത്. അയോധ്യവിഷയം വാക്കിലോ പ്രവര്‍ത്തിയിലോ കടന്നെത്താതെ ശ്രദ്ധിക്കാന്‍ പരിവാര്‍ സംഘടനകളും ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നാണു സൂചന.

ആര്‍എസ്എസ് നേതൃത്വത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷമായ 271 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ‘വളരെ സന്തോഷം’ എന്നാണ്. ബുധനാഴ്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തില്‍ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയും സമാനമായ സൂചന നല്‍കിയിരുന്നു.

അതേസമയം ബിജെപിയെ പിന്തള്ളി കേന്ദ്രത്തില്‍ ഭരണമുറപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ യോഗം ചേരാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് 2 ദിവസം മുന്‍പ്, ഈ മാസം 21നു ഡല്‍ഹിയില്‍ യോഗം ചേരുമെന്നാണു വിവരം. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണു പ്രതിപക്ഷ നിരയിലുള്ളത്.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നടത്തിയേക്കാവുന്ന അണിയറ നീക്കങ്ങളെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രതിപക്ഷ യോഗം ചര്‍ച്ച ചെയ്യും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍, മോദിയെയും കൂട്ടരെയും പിന്തള്ളി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എളുപ്പമാവില്ലെങ്കിലും ഐക്യത്തോടെയുള്ള ചടുല രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണുമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

പ്രതിപക്ഷ ഐക്യത്തിനു മുന്‍കയ്യെടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു ഇതുസംബന്ധിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് യുപിഎയ്ക്കു പുറത്തുള്ള എസ്പി, ബിഎസ്പി, തൃണമൂല്‍ എന്നിവയുമായി കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസ് തന്ത്രജ്ഞന്‍ അഹമ്മദ് പട്ടേല്‍ ആണു ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

കടപ്പാട്: മനോരമ