മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു; മോദി പറഞ്ഞത് ആരും വിശ്വസിക്കില്ലെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്

single-img
9 May 2019

രാജീവ് ഗാന്ധിയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന മോദിയുടെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കര്‍ണാടകയില്‍നിന്നുള്ള ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് രംഗത്തെത്തി.

മോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വിശ്വസിക്കില്ലെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു. ‘രാജീവ്ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരണപ്പെട്ടത്. ആരും അത് വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിയ്‌ക്കെതിരെ മോദിയ്ക്ക് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്‌പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്.’ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ മോദി പറഞ്ഞത്. ഇതോടെ നിരവധി പേര്‍ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

‘താങ്കളുടെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു.’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.