വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന: ഉമ്മൻ ചാണ്ടി

single-img
9 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വ്യാപകമായ രീതിയിൽ വോട്ടർ പട്ടികയിൽ തിരിമറി നടത്തി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന നടത്തിയതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. കേരളത്തിൽ വോട്ടർ പട്ടികയിൽ നിന്നുംയുഡിഎഫിന് അനുകൂലമായ 10 ലക്ഷം വോട്ടെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ തിരഞ്ഞുപിടിച്ചു നീക്കം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

ഈ വർഷംഏപ്രിലില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെ മൊത്തം വോട്ടര്‍മാര്‍- 2.61 കോടിയാണ്. മൂന്നു വർഷം മുൻപത്തെ വോട്ടര്‍ പട്ടികയിലുള്ള 2.60 കോടി വോട്ടര്‍മാരില്‍ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കൂടിയത് വെറും 1.32 ലക്ഷം പേര്‍ മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2009ൽ ലോക്‌സഭയില്‍ നിന്ന് 2011 ലെ നിയമസഭയില്‍ എത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിരുന്നു. അതേപോലെ 2011 ലെ നിയമസഭയില്‍ നിന്ന് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്‍ധനവുണ്ടായി. 2014ലെ ലോക്‌സഭയില്‍ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 17.5 ലക്ഷം പേരാണ് കൂടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതു വോട്ടർമാരായി ചേര്‍ക്കപ്പെട്ടത് (2018ന്ശേഷം മാത്രം ചേര്‍ക്കപ്പെട്ട ഇപ്പോള്‍ 18-19 വയസുള്ളവരെന്ന് പ്രത്യേകമായി തിരിച്ച്) തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കില്‍ 5.5 ലക്ഷം വോട്ടര്‍മാരുണ്ട്. അതേപോലെ 2016നും 2018നും ഇടയ്ക്ക് 18 വയസ് തികഞ്ഞവരായി മറ്റൊരു 5 ലക്ഷം പേരെങ്കിലും കൂടിയുണ്ട്. ഇവ രണ്ടുംകൂടി കന്നിവോട്ടര്‍മാര്‍ 10 ലക്ഷം വരും. ഇവരെക്കൂടി ചേര്‍ത്തിട്ടാണ് അന്തിമ ലിസ്റ്റില്‍ 2.61 കോടിയാകുന്നത്.

സംസ്ഥാനത്തെ 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്. ഈ 77ല്‍ 74 പേരും ഇടതുപക്ഷ സംഘടനയുമായി ബന്ധപ്പെട്ടവരാണ്. ഇവർക്കൊപ്പമുള്ള ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്. ഇവരെ ഉപയോഗിച്ചുകൊണ്ടാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.