ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന ഐബി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ

single-img
9 May 2019

ഏഴു ഘട്ടമായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങള്‍ പിന്നിട്ടതോടെ ബിജെപി കേന്ദ്രങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണു ബിജെപിയുടെ അവസാനഘട്ട പ്രചാരണമെന്നും ഇതിനിടെ വിലയിരുത്തലുകളുണ്ടായി.

നാലു ഘട്ടങ്ങളിലെ പോളിങ് ഏപ്രില്‍ 29നു പൂര്‍ത്തിയായതിനു പിന്നാലെ എന്‍ഡിഎയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുപിഎയ്ക്കു ലഭിക്കുമെന്ന തരത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയെന്നു ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്ക് ആത്മവിശ്വാസ കുറവ് തുടങ്ങിയത്.

371 സീറ്റുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുറഞ്ഞത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന തരത്തിലാണ് ഐബി റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു ഈ വാര്‍ത്തകളില്‍. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന യുപിഎ സഖ്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), എസ്പി, ബിഎസ്പി, ആര്‍എല്‍ഡി പാര്‍ട്ടികളില്ല. ഇവര്‍ നേടുന്ന സീറ്റുകളും ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

മോദി തരംഗത്തില്‍ 2014 ല്‍ പാര്‍ട്ടി ഒറ്റയ്ക്കു നേടിയത് 282 സീറ്റാണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ എല്ലാം കൂടി 336 സീറ്റുകളും. ആര്‍എസ്എസ് നേതൃത്വത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷമായ 271 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ‘വളരെ സന്തോഷം’ എന്നാണ്. ബുധനാഴ്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തില്‍ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയും സമാനമായ സൂചന നല്‍കിയിരുന്നു.