തൃശൂരിൽ നടുറോഡിൽ ബലാത്സംഗ ശ്രമം: സൈറൺ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

single-img
8 May 2019

അർധരാത്രിയിൽ സ്വരാജ് റൗണ്ടിൽ നാടോടി സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ അക്രമിയുടെ ശ്രമം. ഇതുവഴിയെത്തിയ ആംബുലൻസിലെ ജീവനക്കാർ വണ്ടിനിർത്തി യുവതികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മൂർച്ചയുള്ള മാർബിൾ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. ഉടൻ ഡ്രൈവർ ആംബുലൻസിലെ സൈറൺ ഉച്ചത്തിൽ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവത‍ികളെ രക്ഷപ്പെടുത്തി.

ആക്ട്സ് ആംബുലൻസ് സർവ്വീസിലെ ഡ്രൈവർ കോട്ടയം സ്വദേശി ജോണിക്കുട്ടി, സഹായി ഷിബിൻ സിദ്ധാർത്ഥ് എന്നിവരാണ് അക്രമിയെ നേരിട്ടത്. മുതുവറയിൽ അപകടത്തിൽപ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു  ഇവർ. എംജി റോഡിനടുത്തെത്തിയപ്പോൾ 2 ന‍ാടോടി സ്ത്രീകൾക്കു നേരെ മൂർച്ചയുള്ള മാർബിൾപാളി വീശി ഒരാൾ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു. തമിഴ്നാട് സ്വദേശികളായ ഇവർ കിടന്നുറങ്ങുമ്പോൾ കഞ്ചാവുലഹരിയിൽ അടുത്തെത്തിയ ഇയാൾ ഒപ്പമുണ്ടായിരുന്ന നാടോടികളെ മാർബിൾ പാളി വീശി ഓടിച്ച ശേഷം ബലാത്സംഗത്തിനു മുതിരുകയായിരുന്നു.

ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ തടയാന്‍ ശ്രമിച്ച ഷിബിന്റെ വാരിയെല്ലിന്റെ ഭാഗത്ത് അക്രമി മാര്‍ബിള്‍ പാളി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കുകയും മാര്‍ബിള്‍ പാളി വടികൊണ്ട് അടിച്ചുതെറിപ്പിക്കുകയും ചെയ്തു. സൈറണ്‍ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ അക്രമിയെ പിടിച്ചുകെട്ടി ആംബുലന്‍സിന്റെ പിന്നിലിട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഞ്ചാവുലഹരിയിൽ അക്രമം നടത്തിയ കോതമംഗലം ഭൂതത്താൻകെട്ട് അരീക്കാട്ടിൽ ജോമോൻ വർഗീസിനെ (41) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.