കായംകുളത്ത് ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കല്‍; താല്‍പര്യമില്ലാത്ത യുവതിയെ നിര്‍ബന്ധിച്ച ഭാര്യമാരും ‘കുടുങ്ങി’

single-img
8 May 2019

ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച കേസില്‍ പ്രതികളുടെ ഭാര്യമാരെയും പ്രതിചേര്‍ത്തു. ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചു.

പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു. യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതിനിടെ, പ്രതികളായ കിരണ്‍(35), സീതി(39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി.

തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെയാണ് ഭാര്യയായ യുവതി പൊലീസിനെ സമീപിച്ചത്.