കെഎം മാണിയോട് അനാദരവ് കാണിച്ച് സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്; അണികളില്‍ അമര്‍ഷം ശക്തം

single-img
8 May 2019

കെ.എം.മാണി വിട വാങ്ങിയതോടെ കേരള കോണ്‍ഗ്രസ്(എം) തലപ്പത്തേക്ക് ആരെന്ന ചര്‍ച്ചകളാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഇപ്പോഴും സജീവം. പക്ഷേ കെഎം മാണിയെ നേതാക്കള്‍ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു. കാരണം കെഎം മാണി വിടപറഞ്ഞിട്ട് 29 ദിവസം പൂര്‍ത്തിയായിട്ടും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ പാര്‍ലമെന്ററി കമ്മിറ്റിയോ ചേര്‍ന്ന് പ്രിയ നേതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയോ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയെ ഇനി ആരു നയിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള ഞെട്ടോട്ടത്തിലാണ് നേതാക്കള്‍. കേരള കോണ്‍ഗ്രസ് (എം) പിറവി എടുത്തതിന് ശേഷം ഒരിക്കല്‍ പോലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എം മാണിയുടേതല്ലാതെ മറ്റൊരു പേരും കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകും.

പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, പാലാ എം.എല്‍.എ എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞ് കിടക്കുന്നത്. കേരള കോണ്‍ഗ്രസ്(എം) ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു വലിയ പ്രതിസന്ധിയാണ് കെ.എം മാണിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്.

ഇതിനിടയിലാണ് മാണിയോട് സ്വന്തം പാര്‍ട്ടി തന്നെ അനാദരവ് കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ഇല്ലാതായ സാഹചര്യത്തില്‍ പകരം ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫോ മീറ്റിംഗിന് നോട്ടീസ് നല്‍കാന്‍ ചുമതലപ്പെട്ട ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്ജോ ജോയി എബ്രാഹമോ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കില്ലെന്ന ആക്ഷേപം പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ശക്തമാണ്.

ഏഴാം തീയതി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത് മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുമെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അങ്ങനെയൊരു യോഗത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മാണി വിഭാഗത്തിലെ ചില എംഎല്‍ എമാരുടെതന്നെ പ്രതികരണം. ഡെപ്യൂട്ടി ലീഡര്‍ സി എഫ് തോമസിന്റെ അനാരോഗ്യം പരിഗണിച്ച് യോഗം മാറ്റിവയ്ക്കുകയായിരുന്നെന്നും പറയപ്പെടുന്നു.

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പ്രധാന തടസം പാര്‍ട്ടി പദവികള്‍ ആഗ്രഹിക്കുന്ന ചില നേതാക്കളുടെ പിടിവാശിയാണെന്നാണ് ആക്ഷേപം. ചെയര്‍മാന്‍ പദവി ഉറപ്പ് കിട്ടിയാലേ യോഗം വിളിക്കാന്‍ തീരുമാനം ഉണ്ടാകൂ എന്ന നിലപാടിലാണ് ഒരു വിഭാഗം.

ഈ നില തുടര്‍ന്നാല്‍ അനുശോചന യോഗത്തിനു പകരം ബന്ധപ്പെട്ട നേതാക്കളുടെ വസതികളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കേരളാ കോണ്‍ഗ്രസിന്റെ കോട്ടയത്തെ ഒരു പ്രമുഖ നേതാവ് നല്‍കിയിരിക്കുന്നത്.