അനാവശ്യമായി തടഞ്ഞ് നിർത്തി ട്രിപ്പ് മുടക്കുന്നു; സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഹര്‍ജി നല്‍കി

single-img
7 May 2019

കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ ജീവനക്കാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസ്സുകൾക്കെതിരായ പരിശോധനയില്‍ മോട്ടോർ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ട്രിപ്പ്‌ നടത്തുന്ന ബസുകളെ അനാവശ്യമായി തടഞ്ഞ് നിർത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈൻ അടപ്പിക്കുകയാണെന്നും ഹർജിയിൽ ഉടമകൾ ആരോപിക്കുന്നു. ഹര്‍ജിയില്‍ സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബസുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാറിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. അടുത്തതായി ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും.