ആ പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും താങ്കള്‍ ബാധ്യസ്ഥനാണ്: നടന്‍ ശ്രീനിവാസനോട് ഗീത

single-img
7 May 2019

നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കെട്ടിച്ചമച്ചതാണെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗീത രംഗത്ത്. ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയില്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളിയെന്ന് ഗീത ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒരു ചാനല്‍ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ദിലീപിനെ ന്യായീകരിച്ചത്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ.ബ്ല്യു.സി.സി.യുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണ്. നയന്‍താരക്ക് ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ഗീതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രിയ ശ്രീനിവാസന്‍

നടന്‍ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാന്‍ താങ്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കള്‍ എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകള്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാന്‍. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ ഹാസ്യ രംഗങ്ങളോളം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. താങ്കളുടെ ജൈവകൃഷി സംരംഭത്തെയും കൗതുകത്തോടെയും പ്രതീക്ഷയോടെയും നിരീക്ഷിച്ച ഒരാളാണു ഞാന്‍. താങ്കളുടെ രോഗാവസ്ഥകള്‍ എന്നെ ഉത്കണ്ഠപ്പെടുത്തി. 1998 ലെ കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ രൂപീകരണവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടേണ്ടി വന്നപ്പോഴും എനിക്ക് താങ്കളെപ്പറ്റി പ്രതികൂലമായി ഒന്നും പറയാനുണ്ടായിരുന്നില്ല.

എന്നാല്‍

നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്നും wcc യുടെ രൂപീകരണത്തിലും നിലപാടുകളിലും ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ കാണുമ്പോള്‍ എനിക്കു ശരിക്കും നിരാശയുണ്ടാകുന്നു. സൂര്യനെല്ലി വിതുര ഐസ് ക്രീം പാര്‍ലര്‍ കവിയൂര്‍ കിളിരൂര്‍ തുടങ്ങിയ പ്രമാദമായ സംഭവങ്ങളിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പെണ്‍കുട്ടികളെപ്പറ്റി താങ്കള്‍ കേട്ടിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. മരിച്ചു പോയ അഭയ എന്ന കന്യാസ്ത്രീയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്നും കരുതുന്നു. ഇല്ലെങ്കില്‍ വേണ്ട ക്രൈം ഫയല്‍, ജനകന്‍, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകള്‍ക്കാസ് പദങ്ങളായ സംഭവങ്ങളെപ്പറ്റി താങ്കളുടെ സഹപ്രവര്‍’ത്തകരായ കെ മധു ,എന്‍ ആര്‍ സഞ്ജയ് ,ലാല്‍ ജോസ് എന്നിവര്‍ പറയുന്നതെങ്കിലും കേട്ടിരിക്കുമല്ലോ. സമീപകാലത്ത് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ കന്യാസ്ത്രീ സമരത്തെപ്പറ്റി തീര്‍ച്ചയായും താങ്കള്‍ കേട്ടിരിക്കും.

മേല്‍ സൂചിപ്പിച്ച സംഭവങ്ങള്‍ എല്ലാം കെട്ടിച്ചമച്ച കഥകള്‍ എന്നു താങ്കള്‍ കരുതുന്നുണ്ടോ? ആണുങ്ങളുടേതു മാത്രമാണ് ലോകമെന്ന് താങ്കളെപ്പോലുള്ളവര്‍ പോലും വിധിച്ചാല്‍ പിന്നെ ബാക്കിയുള്ളവരുടെ കഥയെന്താവും? അവര്‍ സ്ത്രീകളായ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്നു ഞാന്‍ ഭയക്കുന്നു.

പിന്നെ എന്തിനാണ് പ്രിയ ശ്രീനിവാസന്‍ സ്ത്രീകള്‍ ഇത്തരം കഥകള്‍ കെട്ടിച്ചമക്കുന്നതെന്നാണ് താങ്കളുടെ അഭിപ്രായം? താങ്കളുടെ സഹപ്രവര്‍ത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങള്‍ക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെഴുതുന്നത്. അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഉദ്ദേശിച്ചു കൊണ്ടോ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചു കൊണ്ടോ ഉള്ളതല്ല ഇത്. താങ്കളുടെ ആരോപണ വിധേയനായ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും താങ്കള്‍ പോകൂ. അതു സൗഹൃദത്തിന്റെയും സഹപ്രവര്‍ത്തനത്തിന്റെയും അവകാശമായി തിരിച്ചറിയാന്‍ എനിക്കാവും.

പക്ഷേ പ്രിയ ശ്രീനിവാസന്‍ , ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയില്‍ താങ്കള്‍ ബാധ്യസ്ഥനാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി.

പ്രിയ ശ്രീനിവാസൻനടൻ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാൻ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു….

Posted by ഗീത ഗീത on Monday, May 6, 2019