സരിത എസ് നായർക്കെതിരെ അക്രമം; പ്രതികൾ എത്തിയത് ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള ബുള്ളറ്റിൽ

single-img
7 May 2019

കൊച്ചിയില്‍ സരിത എസ് നായർക്കെതിരെ  അക്രമം. കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിത പരാതി നല്‍കി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്.

ആക്രമണത്തിൽ  വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നുവെന്നും സരിത പറയുന്നു. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയില്‍ പറയുന്നു.ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.

ആക്രമണത്തില്‍ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. അക്രമികള്‍ തന്റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.