കള്ള് ചെത്ത് കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് കടത്തൽ; പാലക്കാട്ടെ കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ പരിശോധനയുമായി എക്സൈസ്

single-img
6 May 2019

പാലക്കാട് ജില്ലയിലെ കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ സംസ്ഥാന എക്സൈസ് പരിശോധന നടത്തി. കള്ള് ചെത്തുന്ന കേന്ദ്രങ്ങളിലേക്ക് കടത്തിയ സ്പിരിറ്റ് കഴിഞ്ഞ ദിവസം പിടികൂടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ വ്യാപക പരിശോധന. സംസ്ഥാനത്തിൽ സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിക്കുന്നുവെന്ന പരാതിയും എക്സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്

പാലക്കാട്ടെ ചിറ്റൂർ മേഖലയിലെ തെങ്ങിൻ തോപ്പുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ പ്രദേശത്തിൽ ചെറുതും വലുതുമായ ആയിരത്തിലേറെ കള്ളുചെത്ത് കേന്ദ്രങ്ങളുണ്ട്. ഇവയിൽ എത്ര തെങ്ങുകൾ ചെത്തുന്നുണ്ട്‌, ലൈസൻസ് പ്രകാരമുളള നിബന്ധനകൾ പാലിയ്ക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം എക്സൈസ് കള്ള് ചെത്ത് കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന 525 ലിറ്റർ സ്പിരിറ്റ് പിടികൂടുകയും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കള്ള് ചെത്തു കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലേയ്ക്കും ചിറ്റൂരിൽ നിന്നാണ് കളള് കയറ്റി അയയ്ക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.