ഡൽഹിയിലെ ക്ഷേത്രത്തിൽ സദ്യയ്ക്കിടെ ശബരിമല വിഷയം പ്രസംഗിക്കാൻ ശ്രമിച്ച ശോഭാസുരേന്ദ്രനെ ഭക്തർ തടഞ്ഞു

single-img
6 May 2019

ഡൽഹിയിൽ ശബരിമല വിഷയം പ്രസംഗിക്കാനിറങ്ങിയ ബി ജെ പി നേതാവ്  ശോഭാ സുരേന്ദ്രനെ ഭക്തർ തടഞ്ഞു. രോഹിണി സെക്ടർ 17 അയ്യപ്പക്ഷേത്രത്തിൽ ഉച്ചയ്ക്ക് സദ്യ നടക്കുന്നതിനിടെ രാഷ്ട്രീയം പ്രസംഗിക്കുവാനുള്ള ശോഭാ സുരേന്ദ്രൻ്റെ ശ്രമമാണ് ഭക്തർ തടഞ്ഞത്.

ഡൽഹിയിലെ ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി വേണ്ടി മലയാളികൾക്കിടയിൽ പ്രചരണം നടത്തുവാനാണ് ശോഭാസുരേന്ദ്രൻ എത്തിയത്. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള സദ്യ നടക്കുന്ന സമയത്താണ് ശോഭാസുരേന്ദ്രൻ എത്തിയത്. ഇതിനിടെ ചില ബിജെപി പാർട്ടി പ്രവർത്തകർ ശോഭാ സുരേന്ദ്രന് മൈക്ക് കൈമാറുകയായിരുന്നു.

പ്രസംഗം ആരംഭിച്ച ശോഭാ സുരേന്ദ്രൻ ശബരിമല വിഷയത്തിലേക്ക് കടന്നപ്പോഴാണ് മറ്റു ഭക്തർ തടസ്സ വാദവുമായി എത്തിയത്. ക്ഷേത്രത്തിൽ രാഷ്ട്രീയം പ്രസംഗിക്കേണ്ട എന്നുപറഞ്ഞ് ഭക്തർ ശോഭാ സുരേന്ദ്രന് മുന്നറിയിപ്പു നൽകുകയായിരുന്നു . ഭക്തർക്ക് നേരെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ ക്ഷേത്രപരിസരം ബഹളമായി.

ശോഭാ സുരേന്ദ്രൻ പ്രസംഗിക്കേണ്ട എന്ന് വ്യക്തമാക്കി ഭക്തർ ഉറച്ചുനിന്നതോടെ അവർ പ്രസംഗം മതിയാക്കി. തുടർന്നു യാത്രപോലും പറയാതെ അവർ തിരിച്ചു പോവുകയായിരുന്നു.