എസ്എസ്എല്‍സി സേ പരീക്ഷ 20 മുതല്‍; മൂന്നു വിഷയം സേ എഴുതാം: 98.11% വിജയം; കൂടുതല്‍ പത്തനംതിട്ടയില്‍: കുറവ് വയനാട്ടില്‍

single-img
6 May 2019

തിരുവനന്തപുരം: എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം.

ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന്‍ നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.

ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി.