മുൻ കേരള ഫുട്ബോൾ ടീം അംഗങ്ങൾ കഞ്ചാവുമായി പിടിയിൽ

single-img
6 May 2019

മുൻ കേരള ഫുട്ബോൾ ടീം അംഗങ്ങൾ കഞ്ചാവുമായി പിടിയിലായി. കോഴിഞ്ഞ ദിവസം 16 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ലാ  ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുകയാണ് ഇരുവരും. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ ‘കണക്ട് മി ടു കമ്മിഷണര്‍’ ഫോണ്‍ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2 ദിവസമായി റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവർ പിടിയിലായത്.

ശനിയാഴ്ചയാണ് രണ്ടുപേരും കഞ്ചാവുമായി നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആന്ധ്ര വിജയവാഡയില്‍നിന്നു ട്രെയിനില്‍ എറണാകുളത്ത് എത്തിച്ച്, മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. ആന്ധ്രയില്‍നിന്നു വന്‍തോതില്‍ കഞ്ചാവെത്തിച്ചു വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.
ഏറെ പണിപ്പെട്ടാണു ഇരുവരെയും കീഴ്‌പ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.  കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണു ഇവര്‍ക്ക് കൂലിയായി ലഭിക്കുന്നത്‌. മുന്‍പും ഇവര്‍ കേരളത്തിലേക്കു കഞ്ചാവ് കടത്തിയതായി സംശയിക്കുന്നുണ്ട്.