തലശേരിയിൽ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്

single-img
5 May 2019

കണ്ണൂർ ജില്ലയിലെ തലശേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇവിടെ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു തൊഴിലാളിക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ആളുടെ ഇടത്തിലമ്പലത്തെ പറമ്പിൽ രാവിലെയാണ് അപകടം ഉണ്ടായത്.

പറമ്പിൽ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകൾക്കും പരിക്കേൽക്കുകയായിരുന്നു. ആഴത്തിലുള്ള പരിക്ക് ആയതിനാൽ പ്ലാസ്റ്റിക് സർജറി വേണ്ടിവരും. അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ മനോജ് വർഷങ്ങളായി തലശേരി ഭാഗങ്ങളിൽ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.

പറമ്പിൽ കടലാസിൽ പൊതിഞ്ഞാണ് ബോംബ് സൂക്ഷിച്ചിരുന്നത്. സ്ഥലത്തെത്തി തലശേരി ഡി വൈഎസ് പിയുടെ നേതൃത്വത്തിൽ ബോംബ് സ്കാഡ് ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല.