പൊന്മുടി വയർലെസ് റിപ്പീറ്റർ സ്റ്റേഷനിൽ പൊലീസുകാരുടെ വക മദ്യസൽക്കാരം: എസ്പിയെ കണ്ടപ്പോൾ എസ്ഐ ഇറങ്ങിയോടി

single-img
5 May 2019

തിരുവനന്തപുരം: പൊന്മുടിയിലെ അതിസുരക്ഷാമേഖലയായ വയര്‍ലെസ് റിപ്പീറ്റര്‍ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജടക്കം രണ്ട് എസ്.ഐമാരുടെ നേതൃത്വത്തില്‍ രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് മദ്യസല്‍ക്കാരം നടത്തുന്നതായി കണ്ടെത്തി. ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥാണ് മിന്നൽ പരിശോധന നടത്തിയത്.

പൊന്മുടിയിലെ ഏറ്റവും ഉയരമുള്ള അപ്പര്‍ സാനിറ്റോറിയത്തിന് മുകളിലാണ് പൊലീസിന്റെ വയര്‍ലെസ് സംവിധാനം നിയന്ത്രിക്കുന്ന വയർലെസ് റിപ്പീറ്റർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
തിരുവല്ലം വില്ലേജ് ഓഫീസര്‍ വര്‍ക്കല മടവൂര്‍ മനോജ് ഭവനില്‍ മനോജ്, ചെമ്മരുതി വില്ലേജ് ഓഫീസര്‍ ചെമ്മരുതി സ്വദേശി ജോജോ സത്യദാസ്, പട്ടാമ്പി കോഓപ്പറേറ്റീവ് സൊസൈറ്റി മാനേജര്‍ പാലക്കാട് കൊപ്പം പള്ളിക്കര വീട്ടില്‍ ഇബ്‌നു ഷറഫത്ത്, ബിസിനസുകാരും പട്ടാമ്പി സ്വദേശികളുമായ നാസര്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ എസ്.ഐമാര്‍ക്കൊപ്പം പൊലീസുകാര്‍ക്കല്ലാതെ പ്രവേശനമില്ലാത്ത സ്‌റ്റേഷനുള്ളില്‍ കടന്ന് മദ്യസേവ നടത്തുകയായിരുന്നു.

പൊന്മുടി പൊലീസിനെ വിളിച്ചുവരുത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്യാൻ എസ്.പി ആവശ്യപ്പെട്ടത്. സുരക്ഷാമേഖലയിൽ അതിക്രമിച്ചു കടന്നതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വയര്‍ലെസ് സന്ദേശങ്ങള്‍ ബൂസ്റ്റ് ചെയ്ത് എല്ലായിടത്തേക്കും പ്രക്ഷേപണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ആറുദിവസം തുടര്‍ച്ചയായാണ് ഡ്യൂട്ടിയെന്നതിനാല്‍ പൊലീസുകാര്‍ക്ക് വിശ്രമത്തിനും ഭക്ഷണം പാചകം ചെയ്യാനും കേന്ദ്രത്തില്‍ സംവിധാനമുണ്ട്.

എസ്.പിയെ കണ്ട് ഒരു എസ്.ഐ സ്‌റ്റേഷന്റെ പിന്നിലൂടെ ഇറങ്ങിയോടി. റിപ്പീറ്റര്‍ സ്‌റ്റേഷന്റെ ഇന്‍ചാര്‍ജും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ടെലികമ്മ്യൂണിക്കേഷന്‍ ജില്ലാ കമ്മിറ്റി ട്രഷററുമായ ഐ.ആര്‍. റെജി, എറണാകുളത്തെ ടെലികമ്മ്യൂണിക്കേഷന്‍ എസ്.ഐ അനില്‍കുമാര്‍ എന്നിവരാണ് അഞ്ചംഗസംഘത്തെ സല്‍ക്കാരത്തിനെത്തിച്ചത്.


എസ്.ഐമാരും ഗാര്‍ഡുമാരും ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് എസ്.പിക്ക് നേരിട്ട് ബോദ്ധ്യമായി. വയര്‍ലെസ് സെന്ററില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ടെലികമ്മ്യൂണിക്കേഷനിലെ പൊലീസുകാരായ സതീഷ് ശിവനാരായണന്‍, ശ്യാം ജോര്‍ജ് എന്നിവരെ എസ്.പി മഞ്ജുനാഥും എസ്.പിയുടെ ശുപാര്‍ശ അംഗീകരിച്ച് എസ്.ഐമാരായ അനില്‍കുമാര്‍, റെജി എന്നിവരെ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡയറക്ടര്‍ കെ. പദ്മകുമാറുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌റ്റേഷനില്‍ ഗാര്‍ഡ് ഡ്യൂട്ടിയുണ്ടായിരുന്ന റൂറല്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള എല്ലാ പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ റൂറല്‍ എസ്.പിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.