നാളെ വോട്ടെടുപ്പു നടക്കുന്ന 51 മണ്ഡലങ്ങളിൽ ബിജെപി 2014 ൽ നേടിയത് 38 സീറ്റുകൾ; ഇത്തവണ പത്തിനുള്ളിൽ ഒതുങ്ങുമെന്ന് വിലയിരുത്തൽ

single-img
5 May 2019

നാളെ വോട്ടെടുപ്പു നടക്കുന്ന 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ 2014 ൽ 38 എണ്ണം ജയിച്ചതു ബിജെപിയാണ്. കോൺഗ്രസിനു കിട്ടിയത് വെറും 2 സീറ്റായിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ സമയത്ത് രണ്ടു ദേശീയ കക്ഷികളുടെ പ്രകടനം ഈ 51 മണ്ഡലങ്ങളിൽ എങ്ങനെയാകുമെന്ന് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു നടക്കുന്ന 14 ൽ 12 സീറ്റും മോദി തരംഗത്തിൽ കഴിഞ്ഞ തവണ ബിജെപി തൂത്തുവാരി. കോൺഗ്രസ് പിടിച്ചുനിന്നത്  സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും മാത്രം. ഇത്തവണ പക്ഷേ, സ്ഥിതി അതല്ല. 10 സീറ്റുകളിലെങ്കിലും ബിജെപിക്കു കനത്ത വെല്ലുവിളി ഉയർത്തുകയാണ് എസ്പി – ബിഎസ്പി സഖ്യം.

രാജസ്ഥാനിലും സമാന സ്ഥിതിയാണ്. കഴിഞ്ഞ തവണ ആകെയുള്ള 25 സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ അതാവർത്തിക്കുക എളുപ്പമാകില്ല. നാളെ വോട്ടുചെയ്യുന്ന 12 മണ്ഡലങ്ങളിൽ പലേടത്തും ഇത്തവണ കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. എന്നാലും തങ്ങൾക്കു തന്നെയാണ് മുൻതൂക്കമെന്ന് ബിജെപി അവകാശപ്പെടുന്നു.

മധ്യപ്രദേശിൽ ഏഴിടത്തും കഴിഞ്ഞ തവണ ബിജെപി ജയിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിലെ മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ജാർഖണ്ഡിൽ നാലും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. കോൺഗ്രസ് ഇത്തവണ ശക്തമായ പ്രചാരണം നടത്തിയ മണ്ഡലങ്ങളാണിവ. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.  

ബിഹാറിൽ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ജയിച്ചതാണ്. 3 എണ്ണം ബിജെപിയും ഒന്നുവീതം ഭാരതീയ ലോക്സമതാ പാർട്ടിയും (ബിഎൽഎസ്പി) ലോക് ജനശക്തി പാർട്ടിയും (എൽജെപി).  ഇത്തവണ കോൺഗ്രസ്– ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

ബിജെപി മുന്നേറുമെന്ന് പ്രവചിക്കപ്പെടുന്ന ഇടമാണ് ബംഗാൾ. 7 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസിന്റെ കൈവശമിരുന്നവയാണ്. ഇവിടങ്ങളിൽ കോൺഗ്രസ്സോ ഇടതുപക്ഷമോ ശക്തമല്ല. 2–3 മണ്ഡലങ്ങളിൽ ചെറിയ തോതിലെങ്കിലും ബിജെപി തൃണമൂലിന് മത്സരമൊരുക്കുന്നു.  

കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും നാളെയാണ്. അനന്തനാഗിൽ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പിൽ 10% മാത്രമേ വോട്ടു രേഖപ്പെടുത്തിയുള്ളൂ.

നാളെ നടക്കുന്ന ഇന്ന് അഞ്ചാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് നിരീക്ഷകർ കരുതുന്നത്. മഹാസഖ്യവും കോൺഗ്രസും കനത്ത വെല്ലുവിളി ഉയർത്തുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി നന്നായി വിയർക്കുമെന്നു സാരം.