വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവും സുഹൃത്തും അറസ്റ്റില്‍

single-img
4 May 2019

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ മേഖലാ സെക്രട്ടറി മറ്റത്തൂര്‍ മാണപ്പുള്ളി ശ്രീകാന്ത് (24), സുഹൃത്ത് കൊളത്തൂര്‍ മരേക്കാട്ടുവളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊരട്ടി എസ്‌ഐ ബി ബിനോയ് അറസ്റ്റ് ചെയ്തത്.

മുന്‍പരിചയം മുതലെടുത്ത് 2016 മുതല്‍ വീട്ടമ്മയെ ഇരുവരും പല തവണ പീഡിപ്പിച്ചതായാണ് പരാതി. രണ്ടുദിവസം മുമ്പാണ് യുവതി പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് പറഞ്ഞു.

അന്വേഷണം തുടരുന്നതിനാല്‍ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ശ്രീകാന്തുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും വാട്‌സാപ്പ് ചാറ്റിലൂടേയും മറ്റും പരിചയം തുടര്‍ന്നതോടെ യുവതിയുടെ വീട്ടിലും മറ്റും ശ്രീകാന്ത് വന്നിരുന്നതായും പറയുന്നു.

പരിചയം മുതലെടുത്ത് ഭീഷണിപ്പെടുത്തി ശ്രീകാന്തും പിന്നീട് സന്ദീപും നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതി കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.