മുസാഫർപൂർ അഭയകേന്ദ്രം കേസ്: പതിനൊന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചുമൂടിയത് ബ്രജേഷ് ഠാക്കൂറും സംഘവും

single-img
4 May 2019

മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിൽ  നിന്നു കാണാതായ 11 പെൺകുട്ടികളെ പ്രതികൾ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയിക്കുന്നതായി സിബിഐ സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗ​ഗോയി, ദീപക് ​ഗുപ്ത എന്നിവർ നേതൃത്വം നൽകിയ ബെഞ്ചിന് മുമ്പാകെയാണ് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചത്.  

കേസിലെ പ്രധാന പ്രതിയായ ബ്രജേഷ്​ ഠാക്കൂറും കൂട്ടാളികളും ചേർന്ന് ഇവരെ പീഡനത്തിന് ഇരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അഭയകേന്ദ്രത്തിലെ ഒരു പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം പൊലീസ് കണ്ടെടുത്തത്. സിക്കന്തര്‍പൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അഭയകേന്ദ്രത്തിലെ മറ്റ് പെൺകുട്ടികളുടെ അസ്ഥികൂടങ്ങളും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

പ്രതികൾ ഒരാൾ ചൂണ്ടിക്കാണിച്ച സ്ഥലത്തു നടത്തിയ പരിശോധനയിലാണ് അസ്ഥികൂടങ്ങൾ ലഭിച്ചതെന്നും കാണാതായ 11 പെൺകുട്ടികളെ സംബന്ധിച്ച അന്വേഷണത്തിനിടെ സമാന പേരുകളിലുളള 35 പെൺകുട്ടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നതായും സിബിഐ വ്യക്തമാക്കി.

ബീഹാറിലെ മുസാഫർപൂരിൽ ബ്രജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ​​. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസ്​ നടത്തിയ പഠനത്തിലാണ് 34  പെൺകുട്ടികളെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്നു കണ്ടെത്തിയത്.

ബ്രജേഷ് ഠാക്കൂറടക്കം 21 പേർക്കെതിരെ സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.  സംഭവം വൻ വിവാദമായതോടെ ​സംസ്ഥാന സർക്കാർ കേസ്​ സിബിഐക്ക്​ കൈമാറുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ്​ ഠാക്കൂർ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയത്​.

ഭർത്താവ് ചന്ദ്രശ്വേർ വർമ്മയുമായി ബ്രജേഷ് ഠാക്കൂറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിഹാർ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വർമ്മ രാജി വച്ചിരുന്നു.