യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐയും പ്രിൻസിപ്പാളും കുരുക്കിൽ

single-img
3 May 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാർന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയതായി പൊലീസ് അറിയിച്ചു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. 

പ്രിൻസിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എന്നാൽ പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പ്രതികരിച്ചത്. കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍  പൊലീസ് അന്വേഷണം നടക്കുകയാണ്.