കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തിലേറും; പ്രധാനമന്ത്രി താനാകും എന്നു പറയാന്‍ ആളല്ലെന്നും രാഹുല്‍ ഗാന്ധി

single-img
3 May 2019

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ ഇത്തവണ അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി താനാകും എന്നു പറയാന്‍ ആളല്ല, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

”സഖ്യമായോ ഒറ്റക്കായോ എന്ന് എനിക്ക് പ്രവചിക്കാന്‍ പറ്റില്ല. പക്ഷേ മോദി ഇത്തവണ വിജയിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ ആയിരിക്കും അധികാരത്തിലേറാന്‍ പോകുന്നത്”, രാഹുല്‍ പറഞ്ഞു.

വയനാടോ, അമേഠിയോ ഏതു തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അക്കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ”അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ ചോദിച്ചു: ”ഞങ്ങള്‍ക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ”, ഈ വികാരമാണ് തെക്കേ ഇന്ത്യയില്‍. നോര്‍ത്ത് പോലെ തന്നെ പ്രധാനമാണ് സൗത്ത് ഇന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു”, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് പ്രിയങ്ക നേരത്തേ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് വിലക്കിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ”അവളുടെ കുട്ടികള്‍ ചെറുതായിരുന്നു. രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് തീരുമാനിച്ചത് പ്രിയങ്ക തന്നെയാണ്. ഇന്ന് കുട്ടികള്‍ വലുതായി. രാഷ്ട്രീയത്തില്‍ തനിക്ക് പലതും ചെയ്യാനുണ്ടെന്ന് അവള്‍ക്കു തോന്നി”.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും രാഹുല്‍ അഭിമുഖത്തില്‍ സംസാരിച്ചു. അമ്മയോടോ സഹോദരിയോടോ ആരോടായിരിക്കും ആദ്യം എല്ലാം പറയുക എന്ന ചോദ്യത്തിന് രണ്ടുപേരോടും എല്ലാം സംസാരിക്കാറുണ്ടെന്നായിരുന്നു മറുപടി. ”ഞാന്‍ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണ്”, രാഹുല്‍ പറഞ്ഞു. ”അമ്മ എനിക്ക് സഹോദരി കൂടിയാണ്. സഹോദരി അമ്മ കൂടിയാണ്. അവര്‍ രണ്ടു പേരും എന്റെ ബലമാണ്. അവര്‍ വ്യത്യസ്തരല്ല”, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.