ഷൂട്ടിങ് സൈറ്റുകളില്‍ ലഹരി മരുന്നെത്തിക്കുന്ന നടനും ക്യാമറാമാനും കൊച്ചിയില്‍ അറസ്റ്റില്‍

single-img
3 May 2019

കഞ്ചാവുമായി പുതുമുഖ ചലച്ചിത്രനടനും കാമറമാനും ഫോര്‍ട്ട്‌കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായി. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’ ചിത്രത്തിലെ നായകനായ കോഴിക്കോട് സ്വദേശി മിഥുന്‍ (25), കാമറമാന്‍ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മ (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഫോര്‍ട്ട്‌കൊച്ചി ഫോര്‍ട്ട് നഗറിലെ സണ്‍ ഷൈന്‍ ഹോം സ്‌റ്റേയില്‍ രണ്ടുമാസമായി താമസിച്ചുവരുകയായിരുന്നു ഇരുവരും. അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊച്ചിയിലെ സിനിമ ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കൊച്ചി എക്‌സൈസ് സി.ഐ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.