ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥർക്കും വേനൽക്കാലത്ത് കഴിക്കാന്‍ പഴച്ചാറുകളും ഐസുകളും നിർമ്മിക്കാനുള്ള യന്ത്രങ്ങൾ; ന്യൂസിലാന്‍ഡ് ജയിൽ വകുപ്പ് ചെലവാക്കിയത് മൂന്നുകോടിയിലധികം രൂപ

single-img
2 May 2019

ന്യൂസിലൻഡിൽ ജയിൽ വകുപ്പ് ഈ വേനലിൽ ചെലവാക്കിയത് മൂന്നു കോടിയിൽ കൂടുതൽ രൂപ. ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും വേനൽക്കാലത്ത് കഴിക്കാനായി പഴച്ചാറുകളും ഐസുകളും നിർമ്മിക്കാനുള്ള യന്ത്രങ്ങൾ വാങ്ങാനാണ് ഈ തുക ചെലവിട്ടത്.

രാജ്യമാകെ വിമർശനം ഉയരുമ്പോഴും താപതരംഗം വ്യാപിക്കുന്നതുമൂലമുള്ള ഉഷ്ണത്തെ പ്രതിരോധിക്കാനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്നാണ് ജയിൽ വകുപ്പ് വാദിക്കുന്നത്. ചൂട് കൂടുന്നത് മൂലം ജയിൽ പുള്ളികൾ തമ്മിലും ജയിൽ ഉദ്യോഗസ്ഥർ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ വർധിക്കുമെന്നും കുറ്റകൃത്യങ്ങളും അക്രമവാസനയും നിയന്ത്രണാതീതമാകുമെന്നുമാണ് സർക്കാരിന്റെ വാദം.

ഇത്തരത്തിലുള്ള സംഘർഷം ഒഴിവാക്കാനാണ് തണുത്ത വെള്ളത്തേക്കാൾ ഇരട്ടി ഗുണം ചെയ്യുന്ന പഴങ്ങളുടെ രുചി ചേർത്ത ഐസുകൾ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും നൽകുന്നതെന്നും ഇവർ പറയുന്നു. ഇതിനു പുറമെ തണുത്ത വെള്ളമെത്തിക്കാനും ഓരോരുത്തർക്കും പ്രത്യേക ടേബിൾ ഫാനുകൾ നല്കുവാനുമുള്ള ശ്രമങ്ങളും ന്യൂസിലാൻഡ് ജയിൽ വകുപ്പ് നടത്തിവന്നിരുന്നു.

രാജ്യത്തെ സാധാരണക്കാരായ നികുതിദായകരുടെ പണം ഇങ്ങനെ നഷ്ടപ്പെടുത്തി കളയരുതെന്നാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ജയിൽ വകുപ്പിന്റെ നടപടി പൈസ വെറുതെ പാഴാക്കിക്കളയുന്ന വേലയാണെന്നും ഈ ഭീമമായ തുക മറ്റ് കാര്യങ്ങൾക്ക് ചിലവാക്കാമായിരുന്നില്ലേ എന്നും പ്രതിപക്ഷം ചോദിക്കുന്നു.