തിരുവനന്തപുരത്ത് തരൂരിനു 30,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും

single-img
2 May 2019

നിയമസഭാമണ്ഡലം കമ്മിറ്റികൾ ചേർന്നുള്ള താഴേത്തട്ടിലെ ആദ്യവിശകലനം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ രണ്ടു സീറ്റുകളും ജയിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യുഡിഎഫ്. തിരുവനന്തപുരത്ത് കുറഞ്ഞത് 30,000 വോട്ടിന്റെ ഭൂരിപക്ഷവും ഇടതുകോട്ടയായ ആറ്റിങ്ങൽ 15,000 വോട്ടിനു തിരിച്ചുപിടിക്കാൻ കഴിയുമെന്നുമാണു കരുതുന്നത്.

താഴേത്തട്ടിലുള്ള വിശകലനം പൂർത്തിയായില്ലെങ്കിലും ഏഴു നിയമസഭാമണ്ഡലങ്ങളുടെയും ചുമതല വഹിക്കുന്നവർ കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ തമ്പാനൂർ രവി, കൺവീനർ വി.എസ്.ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആദ്യകണക്കുകൾ കൈമാറി. ഇതനുസരിച്ചു പാറശാല–10000, നെയ്യാറ്റിൻകര–10000, കോവളം–10000, തിരുവനന്തപുരം–5000 എന്നിവിടങ്ങളിൽ ലീഡ് ചെയ്യുമെന്നാണു പ്രതീക്ഷ. വട്ടിയൂർക്കാവിൽ ആരു ലീഡ് നേടിയാലും അതു വൻ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പമാണെന്നും വിലയിരുത്തി. 

നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. ഭൂരിപക്ഷവോട്ടുകൾ മൂന്നു മുന്നണിക്കും ചിതറിപ്പോകുമെന്നും ന്യൂനപക്ഷകേന്ദ്രീകരണം അതുവഴി ശശി തരൂരിനു വിജയം ഉറപ്പാക്കുമെന്നുമുള്ള പ്രത്യാശയിലാണു കോൺഗ്രസ്.