കിരീടധാരണത്തിന് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് തായ് രാജാവ്

single-img
2 May 2019

ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം ചെയ്തത്. രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി.

തായ് എയര്‍വേയ്‌സിലെ ഉദ്യോഗസ്ഥയായിരുന്ന സുതിദ തിട്ജായെ 2014 ലാണ് രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി നിയമിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും രാജകുടുംബം വാര്‍ത്ത നിഷേധിച്ചിരുന്നു. 2016 ല്‍ ഇവര്‍ക്ക് റോയല്‍ തായ് ആര്‍മി ജനറല്‍ പദവി നല്‍കി. 2017 ലാണ് രാജാവിന്റെ വ്യക്തി സുരക്ഷാ സേനയുടെ ഉപാധ്യക്ഷയായി സ്ഥാനമേറ്റത്.

66കാരനായ വാജിറാലോങ്കോങ്ങിന്റെ നാലാം വിവാഹമാണിത്. മറ്റ് ഭാര്യമാരിലായി അദ്ദേഹത്തിന് അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. ബുമിബോല്‍ അദുലയാദേജ് രാജാവിന്റെ മരണശേഷമാണ് മകന്‍ വാജിറാലോങ്കോങ് തായ്ലന്റിന്റെ രാജാവാകാനൊരുങ്ങുന്നത്. 70 വര്‍ഷത്തെ ഭരണത്തിനു ശേഷം 2016 ലാണ് ബുമിബോല്‍ രാജാവ് അന്തരിച്ചത്.

ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന തായ്ലന്‍ഡില്‍ നിയമങ്ങള്‍ക്കനുസൃതമായാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. രാജാവ് രാമത എന്ന പേരിലായിരിക്കും ഇദ്ദേഹം ഇനി അറിയപ്പെടുക. ശനിയാഴ്ചയാണ് രാജാവ് രാമതന്റെ കിരീടധാരണ ചടങ്ങുകള്‍ തുടങ്ങുക.