ഇസ്രത് ജഹാൻ കേസ്: വൻസാരയെയും അമീനെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി

single-img
2 May 2019

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ മുൻ ഗുജറാത്ത്​​ പൊലീസ്​ ഉദ്യോഗസ്ഥരായ ഡി.ജി വൻസാര, നരേന്ദ്ര കെ അമീൻ എന്നിവർക്കെതിരായ കുറ്റങ്ങൾ കോടതി റദ്ദാക്കി. ഈ കേസുമായി ബന്ധപ്പെട്ട്​ ഇരുവർക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിർത്തിവെക്കാനും പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു​.

തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.ഐ.ജി​ വൻസാരയും എസ്​.പി അമീനും നൽകിയ ഹർജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​. പ്രത്യേക സിബിഐ കോടതി ജഡ്ജ് ജസ്റ്റിസ് ജെ കെ പണ്ഡ്യയുടേതാണ് ഉത്തരവ്.

ഗുജറാത്ത്​ തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ തലവനായിരുന്നു വൻസാര. അദ്ദേഹത്തിൻെറ കീഴിൽ ജോലി ​ചെയ്​തിരുന്നയാൾ ആയിരുന്നു എൻ.കെ അമീൻ. ഇരുവരെയും പ്രോസിക്യൂട്ട്​ ചെയ്യാൻ ഗുജറാത്ത്​ സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ്​ കോടതി കേസ്​ ഉപേക്ഷിച്ചത്​. അതേസമയം വൻസാരയെയും അമീനേയും ​കുറ്റ വിമുക്​തരാക്കുന്നത്​ നീതിക്ക്​ നിരക്കാത്തതും വസ്​തുതകളെ വളച്ചൊടിക്കലുമാണെന്ന്​ ഇസ്രത്​ ജഹാൻെറ മാതാവ്​ ശമീമ കൗസർ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

2004-ലാണ്​ പ്രമാദമായ വ്യാജ ഏറ്റമുട്ടൽ കൊല നടക്കുന്നത്​. അന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ വന്ന തീവ്രവാദ സംഘത്തിൽപ്പെട്ടവരെന്ന്​ ആരോപിച്ചാണ്​ 19കാരിയായ ഇസ്രത്​ ജഹാൻ, ജാവേദ്​ ഷെയ്​ഖ്​ എന്ന​ പ്രാണേഷ്​ പിള്ള, അംജദലി അക്​ബറലി റാണ, സീഷാൻ ജോഹർ എന്നിവരെ ജൂൺ 15ന്​ അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്​ വച്ച്​ പൊലീസ്​ സംഘം വെടിവെച്ച്​ കൊന്നത്​.