പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുന്‍ ജവാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

single-img
1 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി നേരിട്ട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് കാണിച്ചാണ് നോട്ടീസ്.

വാരണാസി മണ്ഡലത്തില്‍ ആദ്യം സമര്‍പ്പിച്ച പത്രികയില്‍ സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിരുന്ന തേജ് ബഹാദൂര്‍ രണ്ടാമത് എസ്പിബി എസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയപ്പോള്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടിരുന്നില്ല. ഇതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, ‘തൊഴിലില്ലായ്മയും കര്‍ഷകരുടെയും ജവാന്മാരുടെയും ദുരവസ്ഥകളുമാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. ആരാണ് യഥാര്‍ത്ഥ ചൗക്കിദാര്‍ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഞാന്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്’ തേജ് ബഹാദൂര്‍ യാദവ് പറഞ്ഞു.

നേരെത്തെ ഏപ്രില്‍ 22 ന് ശാലിനി യാദവിനെ വാരണാസിയിലെ സംയുക്ത സ്ഥാനാര്‍ത്ഥിയായി എസ്പി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി ബിഎസ്പി സഖ്യം തേജ് ബഹദൂര്‍ യാദവിനെ രംഗത്തിറക്കുന്നത്. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.