പാതാള തവള ഇനി സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള ആകുന്നു; ഔദ്യോഗിക തവളയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമായി കേരളം

single-img
1 May 2019

സംസ്ഥാനത്തിന് ഔദ്യോഗിക വൃക്ഷവും മൃഗവും ഫലവും പുഷ്പവും മത്സ്യവും ചിത്രശലഭവും വന്നതിന് പിന്നാലെയിപ്പോള്‍ ഔദ്യോഗിക തവള എന്ന നിര്‍ദ്ദേശത്തിനൊരുങ്ങുകയാണ് വന്യജീവി ഉപദേശക ബോര്‍ഡിലെ ഗവേഷകര്‍. ശാസ്ത്രീയ നാമമായ നാസികബത്രാക്കസ് സഹ്യാദ്രെന്‍സിസ് എന്നറിയപ്പെടുന്ന പാതാള തവളയെയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത്.

സംസ്ഥാന വന്യജീവി ഉപദേശക ബോര്‍ഡിന്റെ അടുത്തയോഗത്തില്‍ ഗവേഷകര്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കും.കേരളാ ഫോറസ്റ്റ് റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തവളയെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണ് ഈ നീക്കത്തിനു തുടക്കം കുറിച്ചത്. വിവിധ ഇടങ്ങളിൽ പര്‍പ്പിള്‍ ഫ്രോഗ്, പന്നിമൂക്കന്‍ തവള എന്നെല്ലാം അറിയപ്പെടുന്ന പാതാള തവള പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.എസ്.ഡി.ബിജുവും, ബ്രസല്‍ഫ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 ല്‍ ഇടുക്കിയില്‍ നിന്നും പാതാള തവളയെ കണ്ടെത്തുന്നത്.

ഈ കണ്ടെത്തലിനും മുൻപ് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഇതിനെക്കുറിച്ചു പരാമര്‍ശം നടത്തിയിരുന്നു. തവളയുടെ വാല്‍മാക്രി ഘട്ടം കഴിഞ്ഞാല്‍ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരിൽ വേണം ഇതിനെ ഔദ്യോഗിക തവളയാക്കാന്‍ എന്നാണ് സന്ദീപ് ദാസിന്റെ നിര്‍ദ്ദേശം.

പാതാളതവളയുടെ കുടുംബത്തില്‍പ്പെട്ട മറ്റൊരിനം തവള ആഫ്രിക്കയിലെ മഡഗാസ്‌ക്കറിനു സമീപമുള്ള സെയ്‌ഷേല്‍സ് ദ്വീപുകളിലുണ്ട്. പുരാതന കാലത്തിൽ ഏഷ്യയും ആഫ്രിക്കയും തുടര്‍ച്ചയായ വന്‍കരകളാണെന്ന സൂചനയാണ് ഇതുനല്‍കുന്നത്.