ഉദയാ സ്റ്റുഡിയോയിൽ ജെസിബിയുടെ കൈകൾ വീണു; ഇനി ഉയരുന്നത് കല്യാണമണ്ഡപം

single-img
1 May 2019

കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോയായ ആലപ്പുഴ ജില്ലയിൽ പാതിരാപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ഉദയാ സ്റ്റുഡിയോ ഇനി ഓർമ്മയാകുന്നു. നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഈ സ്ഥാപനം ഇപ്പോൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണ്. പകരം ഇനി ഉയരുക കല്യാണമണ്ഡപം ആയിരിക്കും .

ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.

സ്റ്റുഡിയോയുടെ വളപ്പിൽ സ്ഥിതിചെയ്തിരുന്ന കലാകാരന്‍മാരും നാട്ടുകാരും ആരാധിച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം കഴിഞ്ഞദിവസം നീക്കി. ഉദയായുടെ അടയാളമായ, ഭൂഗോളത്തിന്റെ മുകളില്‍ പൂവന്‍കോഴിയുടെ പ്രതിമ നേരത്തെ നീക്കംചെയ്തിരുന്നു. മുൻപുള്ള ഉടമസ്ഥര്‍ ഇവിടം സീരിയലുകളുടെ ചിത്രീകരണത്തിനും മറ്റുമായി വാടകയ്ക്ക് നല്‍കിയിരുന്നു. പലയാളുകളുടെ കൈമറിഞ്ഞ് ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയില്‍ സ്റ്റുഡിയോ എത്തിയത് അടുത്തിടെയാണ്. 1986-ൽ അനശ്വര ഗാനങ്ങൾ എന്ന ചലച്ചിത്രമാണ് ഉദയ അവസാനമായി നിർമ്മിച്ചത്. പിന്നീട് 2016-ൽ കുഞ്ചാക്കോ ബോബൻ തന്റെ ഉടമസ്ഥതയിൽ പുനരുജ്ജീവിപ്പിച്ച കമ്പനി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു.